വെനീസിലെ സുവർണ നാര്

മലയാള മണ്ണിൽ നിന്നും കറുത്ത പൊന്നായ കുരുമുളകും, ആറന്മുള കണ്ണാടിയും, മാന്നാർ ഓട്ടുവെങ്കല പാത്രങ്ങളും, സുഗന്ധരാജാക്കന്മാരായ ഏലവും ജാതിയും നൂറ്റാണ്ടുകൾക്കു മുൻപേ കായലോളങ്ങളും കടൽത്തിരമാലകളും താണ്ടി പായ്ക്കപ്പലേന്തി അറബിനാടുകളുടെ അകത്തളങ്ങളിൽ പോലും എത്തിയത്തിന്റെ ചരിത്രം പറയുമ്പോൾ മനപ്പൂർവ്വമല്ലെങ്കിലും പലരും വിസ്മരിക്കുന്ന ഒരു കഥയുണ്ട്. തൊണ്ടുതല്ലി ചകിരിയാക്കി ചകിരിനൂല് കൈയിലിട്ടു പിരിച്ചെടുത്ത വിയർപ്പിന്റെ ഗന്ധമുള്ള കയറിന്റെ കഥ. ഭൗമസൂചികാ മുദ്ര ലഭിച്ച പൈതൃക സമ്പത്താണ് ആലപ്പുഴ കയർ. 2007 ലാണു കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ മുദ്ര കേരളത്തിനു സമ്മാനിച്ചത്.

ഒരുകാലത്ത് കേരളക്കരയിലെ കയർ തൊഴിലാളികളുടെ നിർമാണ ചാതുരിയിലായിരുന്നു ആലപ്പുഴ ജില്ല ഇഴചേർന്നിരുന്നത്. കേരളത്തിൽ എന്നല്ല, ലോക വിപണിയിൽ തന്നെ ഏറെ പ്രശസ്തമാണ് ആലപ്പുഴ കയർ. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവർണ നാരെന്ന പേരിലാണു രാജ്യാന്തര വിപണിയിൽ കയറിനെ കേരളം പരിചയപ്പെടുത്തുന്നത്. മൂപ്പെത്തിയ തൊണ്ട് പ്രത്യേക വലക്കുള്ളിൽ ശേഖരിച്ചു മുകളിൽ ചെളി പാകി കല്ലുവെച്ചു വെള്ളത്തിൽ കെട്ടിത്താഴ്ത്തി ഏഴ് മുതൽ പത്ത് മാസം വരെ കഴിഞ്ഞാകും പുറത്തെടുക്കുക. അഴുകിയ തൊണ്ട് പിന്നീട് കരയിൽ എത്തിച്ചു തല്ലി നാരുകൾ വേർതിരിച്ചെടുക്കും. ചകിരിച്ചോർ നീക്കം ചെയ്തശേഷം കഴുകി വൃത്തിയാക്കി ഉണക്കി നാരുകൾ ചേർത്തു പിരിച്ച് കയറുണ്ടാക്കുന്നു. യന്ത്രം കറക്കാൻ ഒരാളും കയർ പിരിക്കാൻ രണ്ടാളും എന്നതായിരുന്നു അന്നത്തെ കണക്ക്. തൊണ്ടിൽ നിന്നും ഉത്പാദിപ്പിക്കുന്ന കട്ടിയുള്ള നാരുകൾ ചേർത്ത തവിട്ടു നിറമുള്ള കയറും മൂപ്പ് കുറഞ്ഞ തേങ്ങയിലെ ഇളം നാരുകളിൽ നിന്നുള്ള വെള്ള കയറും വരെ ഇവിടെ വീടുകളിൽ ഉണ്ടാക്കിയിരുന്നു. ലോകത്തിൽ ലഭ്യമായിട്ടുള്ള കനംകൂടിയതും പ്രതിരോധശേഷി ഏറെയുള്ളതും പ്രകൃതിദത്തവുമായ നാരുകളായ ചകിരിയിൽ 35 സെ. മീറ്റർ വരെ നീളമുള്ള നാരുകൾ കാണാറുണ്ട്. 10-25 മൈക്രോൺ കനം ഉണ്ടാകും. 40 ദിവസം കൂടുമ്പോൾ മൂപ്പെത്തുന്ന തേങ്ങയുടെ പുറംതോടിലാണ് ചകിരിനാരുകൾ അടങ്ങിയിട്ടുള്ളത്. ആയിരം തേങ്ങയിൽ നിന്നും പത്ത് കിലോ കയർ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്ക്.

1857ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിനു ശേഷം ഗ്രാമീണ തോടുകൾ, വിശാലമായ കായൽ, സമുദ്ര സാമീപ്യം, ജല ഗതാഗതത്തിന് അനുകൂലമായ സാഹചര്യം എന്നിവ മുന്നിൽ കണ്ടു കൊണ്ട് യൂറോപ്യൻ വ്യവസായികളിൽ പലരും അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായ ആലപ്പുഴയിലെത്തി. തിരുവിതാംകൂറിലെത്തിയവരിൽ പ്രമുഖരായിരുന്നു ഐറിഷ് സ്വദേശിയായ ജയിംസ് ഡാറയും ഹെൻട്രി സ്മെയിലും.ബംഗാളിൽ നിന്നുള്ള രണ്ടു സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ 1859–60 കാലത്ത് ഇവർ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിച്ചു. അതാണ് ഡാറാ സ്മെയിൽ ആൻഡ് കോ. തിരുവിതാംകൂർ മഹാരാജാവായ ഉത്രം തിരുനാൾ, റസിഡന്റായിരുന്ന ജനറൽ കല്ലൻ എന്നിവർ ഈ സംരംഭത്തിനു പൂർണ പിന്തുണ നൽകി. വ്യവസായം തുടങ്ങിയതോടൊപ്പം ഈ രംഗത്തു വിദഗ്ധരായ തൊഴിലാളികളെ കണ്ടെത്തി പരിശീലനം നൽകി വളർത്തിയെടുക്കാനും അവർ ശ്രമിച്ചു. അവരുടെ പിന്മുറക്കാരാണ് ഇപ്പോഴുള്ളത്. ഡാറക്കു പിന്നാലെ ധാരാളം വിദേശികൾ ആലപ്പുഴ നഗരത്തിൽ കയർ ഫാക്ടറികൾ ആരംഭിച്ചു. വില്യം ഗുഡേക്കർ ആൻഡ് സൺസ്, മധുരക്കമ്പനി, ബോംബെ കമ്പനി, പിയേഴ്സ് ലസ്ലി ആൻഡ് കമ്പനി, വോൾകാർട്ട് ബ്രദേഴ്സ്, ആസ്പിൻവാൾ ആൻഡ് കമ്പനി, എന്നിവയാണതിൽ പ്രശസ്തം. 1947 ൽ ഇന്ത്യ സ്വതന്ത്രമായതോടെ വിദേശികൾ വ്യവസായം സ്വദേശികൾക്കു കൈമാറി മടങ്ങിപ്പോയി. ആ സ്ഥാപനങ്ങളിൽ പലതും ഇന്നില്ല.

പഴയ ഡാറാ സ്മെയിൽ ആൻഡ് കോ പ്രവർത്തിച്ചിരുന്നിടത്ത് ഇന്നുള്ളത് കയർ കോർപറേഷന്റെ സ്ഥാപനങ്ങളാണ്. ബ്രിട്ടിഷ് വ്യവസായി ജോൺ എച്ച്. ആസ്പിൻവാൾ സ്ഥാപിച്ച ആസ്പിൻവാൾ കമ്പനി ഇന്ന് പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്. രണ്ടായിരത്തിലേറെ തൊഴിലാളികൾ ജോലി ചെയ്തിരുന്ന പഴയ കാലത്തെ പ്രതാപിയായ യൂറോപ്യൻ കമ്പനിയായിരുന്നു പിയേഴ്സ് ലസ്ലി ഇപ്പോൾ സാംസ്കാരിക പരിപാടികൾക്കു വേദിയായ നഗര ചത്വരമെന്ന പേരിലാണ് അറിയപ്പെടുന്നത്.

1859 മുതൽ ആരംഭിച്ച കയർ നിർമാണം ആലപ്പുഴയിൽ ഇന്നും തുടർന്നു വരുമ്പോൾ 80ൽ അധികം രാജ്യങ്ങളിലേക്ക് ഇവിടുത്തെ കയർ ഉത്പന്നങ്ങൾ കയറ്റിയയക്കുന്നുമുണ്ട്. ഈ വ്യവസായത്തിന്റെ ഉന്നതിക്കായി രൂപം നൽകിയ കയർ ബോർഡിൽ ആയിരത്തിൽപരം ചെറുകിട നിർമാതാക്കളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾ, ചെറുതും വലുതുമായ സ്വകാര്യ സംരംഭങ്ങൾ, കയറ്റുമതി സ്ഥാപനങ്ങൾ എന്നിവയിലൂടെ ഒട്ടേറെ വികാസ പരിണാമങ്ങളിലൂടെയാണ് ഈ മേഖല കടന്നു പോയത്. പരമ്പരാഗത റാട്ടുകളിൽ നെയ്തെടുക്കുന്ന കയറൊക്കെ പഴയ കഥകളാണ്. പ്രതിദിനം 3000 മുതൽ 4000 വരെ തൊണ്ടു തല്ലാൻ കഴിയുന്ന, 10 മുതൽ 15 കുതിര ശക്തിയുള്ള ഡിഫൈബറിങ് യന്ത്രങ്ങളാണ് ഇപ്പോൾ കേരളത്തിലുള്ളത്. കയറു പിരിക്കാനുള്ള യന്ത്രവത്കൃത റാട്ടുകളാണ് കുടിൽ വ്യവസായം പോലെ ആലപ്പുഴയിലെ പല ഭാഗത്തുമുണ്ട്. ആലപ്പുഴ കയറും കയറുത്പന്നങ്ങളും ഭൗമസൂചിക പദവി നേടിയതോടെ മറ്റൊരു കയർ വിപ്ലവത്തിനുള്ള ആക്കം കൂട്ടിയിരിക്കുന്നതായി കണക്കാക്കാം, കാരണം ആലപ്പുഴയിലെ കയർ അങ്ങനെ ഇഴചേർന്നു വളർന്നതാണ്.