ഇടുക്കിയുടെ എല്ലാമെല്ലാമായ ആലപ്പി ഏലം

ഇടുക്കിയുടെ മലഞ്ചെരുവുകളിലെ സുഗന്ധ വ്യഞ്ജനങ്ങൾ എന്നും ലോക പ്രശസ്തമാണ്. നമ്മുടെ ഇഞ്ചിയും കുരുമുളകുമൊക്കെ തേടി നിരവധി പായ്കപ്പലുകളാണ് നൂറ്റാണ്ടുകൾക്കു മുന്നേ മലയാളകരയുടെ തീരത്ത് നങ്കൂരമിട്ടത്. അക്കൂട്ടത്തിൽ ഗുണത്തിലും രുചിയിലും രൂപത്തിലും ഭാവത്തിലുമെല്ലാം തനിമയും സവിശേഷതയുമുള്ള പ്രകൃതിവിഭവമായ ഇടുക്കിയിലെ ആലപ്പി ഗ്രീൻ കാർഡമം അഥവാ ആലപ്പി ഏലത്തിനും ഏറെയുണ്ട് ആരാധകർ. ഇടുക്കിയുടെ തനതു ഭൂപ്രകൃതിയും മണ്ണും കാലാവസ്ഥയും വളർച്ചക്കനുയോജ്യമാക്കി സുഗന്ധവ്യഞ്ജന റാണിയായ ആലപ്പി ഏലവും ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ഏലയ്ക്കാ ഇനത്തെ ആലപ്പുഴ ഏലം എന്ന് വിളിക്കുന്നത് ഇത് കേരളത്തിലെ ആലപ്പുഴയിൽ വളരുന്നതുകൊണ്ടല്ല, മറിച്ച് പഴയ തിരുവിതാംകൂറിൽ ഈ ഏലം സംസ്കരിച്ചിരുന്ന പ്രധാന ഡിപ്പോ ആയതുകൊണ്ടാണ്. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ രാജാക്കന്മാർ ഏലം വ്യാപാരത്തിലും കയറ്റുമതിയിലും സംസ്ഥാന കുത്തക കൊണ്ടുവന്നു. ബ്രിട്ടീഷ് രാജാക്കന്മാർ തമ്മിലുള്ള ധാരണ, തിരുവിതാംകൂർ-ഡച്ച് യുദ്ധങ്ങൾ, ബ്രിട്ടീഷ് സഹായത്തോടെ മാർത്താണ്ഡ വർമ്മയുടെ കീഴിൽ അധികാരം ഉറപ്പിക്കൽ തുടങ്ങിയവയാണ് ഇത്തരം കുത്തകകൾ വരാൻ കാരണമായത്. ഇത് തിരുവിതാംകൂർ സംസ്ഥാനത്തെ എല്ലാ ഏലക്ക ഉൽപന്നങ്ങളും ആലപ്പുഴയിലെ സ്റ്റേറ്റ് ഡിപ്പോയിൽ മാത്രം വിൽക്കാൻ ഇടയാക്കി. അന്ന് ആലപ്പുഴയായിരുന്നു തിരുവിതാംകൂറിലെ പ്രധാന തുറമുഖം. ഇത് ആലപ്പുഴയിൽ ഏലം തരംതിരിക്കലും സംസ്കരണവും വികസിപ്പിക്കുന്നതിലേക്ക് നയിച്ചു, ഈ മേഖലയിൽ നിന്നുള്ള ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള ഏലത്തിന് ആലപ്പുഴ ഗ്രീൻ ഏലം എന്ന് നാമകരണം ചെയ്യപ്പെട്ടു. കൊച്ചി വിപണിയുടെയും തുറമുഖത്തിന്റെയും ഉയർച്ചയ്ക്ക് ശേഷം, ഇന്ത്യയുടെ സ്വാതന്ത്ര്യം,തിരുവിതാംകൂർ-കൊച്ചി ലയനം എന്നിവ ആലപ്പുഴ തുറമുഖത്തിന്റെ പ്രസക്തിയും നിലനിൽപ്പും പഴയ കാര്യമാക്കി മാറ്റി. ഇന്ന് ഇടുക്കിയിൽ മെച്ചപ്പെട്ട സംസ്കരണ സൗകര്യങ്ങൾ, അസംസ്കൃത വസ്തുക്കൾ, വിദഗ്ദ്ധരായ തൊഴിലാളികൾ, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമായിരിക്കുന്നു.

സൗകര്യങ്ങൾ മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തോട്ടവിളയായി വ്യാവസായക അടിസ്ഥാനത്തിൽ ഉത്പാദനം നടത്തുന്ന പ്രക്രിയയ്ക്ക് ആക്കം കൂടി, വിളവ് വർദ്ധിപ്പിക്കുന്നതിനായി കർഷകർ നാടൻ ഇനങ്ങളിൽ നിന്ന് കർഷകരും കാർഷിക ശാസ്ത്രജ്ഞരും വികസിപ്പിച്ചെടുത്ത പുതിയ ഹൈബ്രിഡ് ഇനങ്ങളിലേക്ക് മാറി. ഈ പുതിയ ഇനങ്ങൾക്ക് ഏലമലക്കാടുകളിൽ ഉടനീളം ദ്രുതഗതിയിലുള്ള സ്വീകാര്യത ലഭിക്കുകയും ഉൽപ്പാദനം വർധിച്ചത് ഉയർന്ന വരുമാനത്തിലേക്ക് നയിച്ചതിനാൽ ഏലം കൃഷിയിലേക്ക് പലരെയും ആകർഷിക്കുകയും ചെയ്തു. ഏലം സംസ്കരണത്തിന്റെ കാര്യത്തിലും ഇല്ലാകയളവിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു, വെയിലിൽ ഉണക്കുന്നതിനുപകരം ആധുനികമായ സംസ്കരണ കേന്ദ്രങ്ങളിൽ (ഡ്രയർ ഉപയോഗിച്ച് ഉണക്കുന്ന രീതികൾ), ഏലം ഇന്ന് സംസ്കരിച്ചുവരുന്നു.

ഇന്ന് ഇടുക്കിയിൽ നിന്നുള്ള വാർഷിക ഏലം കയറ്റുമതി 1000 മുകളിലാണ്. അറബികളുടെ കാപ്പിയിലും ചായയിലും, റോമാക്കാരുടെയും ഗ്രീക്കുകാരുടെയും പലഹാരങ്ങളുടെയും ഭാഗമായിരുന്ന സുഗന്ധവ്യഞ്ജനം എന്ന നിലയിൽ നിന്ന്നും, പുതിയ പാചകരീതികളിലേക്കും ഔഷധങ്ങളിലേക്കും മറ്റ് പല രീതിയിലും ഉപയോഗിയ്ക്കുന്ന ഒരു സുഗന്ധവ്യഞ്ജനമായി ഏലം ഇന്ന് മാറിയിരിക്കുന്നു. കൂടാതെ ഒരു നൂറ്റാണ്ടിലേറെയായി ഇടുക്കിയുടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഇവിടുത്തെ കുടിയേറ്റങ്ങൾ കാരണമാവുകയും അനേകർക്ക് ഉപജീവനമാർഗം നൽകുകയും ചെയ്ത ഒരു സുഗന്ധവ്യഞ്ജനം ഇന്ന് ഭൗമസൂചിക പട്ടികയിൽ ഇടം പിടിക്കുകയും കൂടി ചെയ്തിരിക്കുന്നു.