ലോകത്തിന് മുന്നില്‍ കേരളത്തിന്റെ പാരമ്പര്യ കലയുടെ നേര്‍ കണ്ണാടി. സംസ്കാരത്തിന്റേയും, പാരമ്പര്യ കലയുടെയും രഹസ്യക്കൂട്ട്. കേരളത്തിന്റെ മഹത്തായ ലോഹസങ്കലനവിദ്യയുടെ മകുടോദാഹരണം.
കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്ന്. അങ്ങനെ വിശേഷണങ്ങള് അവസാനിക്കുന്നില്ല ലോഹക്കൂട്ടുകളില് രഹസ്യമുറങ്ങുന്ന ആറന്മുള ക്കണ്ണാടിയുടെ സവിശേഷതകൾക്ക് പത്തനംതിട്ട ജില്ലയിലെ ആറന്മുള ഗ്രാമത്തിലെ പരമ്പരാഗത അറിവ് ലോകത്തെ മറ്റ് രാജ്യങ്ങളെ വിസ്മയിപ്പിക്കുന്നത് ഇന്നും തുടരുകയാണ്. ഭൗമസൂചിക പട്ടികയിൽ മറ്റാർക്കും നിർമിക്കാൻ കഴിയാത്ത അത്ഭുതവിധ്യ എന്ന വിശേഷണത്തിന് വരെ അതിനെ അർഹമാക്കിയിരിക്കുന്നു.
രസം (മെര്‍ക്കുറി ) ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുകയാണ്.
രസം പൂശിയ സാധാരണ ഗ്ലാസിന്റെ പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു. അതായത് സാധാരണ സ്ഫടിക കണ്ണാടികൾ പിൻ പ്രതലമാണ് പ്രതിഫലിക്കുക. എന്നാൽ ആറന്മുള കണ്ണാടി മുൻ പ്രതലമാണ് പ്രതിഫലിക്കുക എന്ന് സാരം.
നാലായിരം വര്‍ഷത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു് ലോഹനിർമ്മിതമായ ഈ ആറന്മുളക്കണ്ണാടി. വളരെ സങ്കീർണമായ രീതിയിലാണ് ഇതിന്റെ നിർമാണം. ചെമ്പും വെളുത്തീയവും ഒരു പ്രേത്യക അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന കൂട്ടുലോഹം മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചന ചാക്കും ചേർത്ത് ഉരുക്കിയൊഴിയിച്ചു ലോഹ ഫലകം ഉണ്ടാകുന്നു. ലോഹ ഫലകം ചാക്ക് കൊണ്ടുള്ള പ്രതലത്തിൽ എണ്ണപുരട്ടി ഉരച്ചു മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ മൃദുലമായ തുണി ഉപയോഗിച്ചാണ് ചെയ്യുന്നത്. ഇതിന്റെ ഒരു വശം മിനുസപ്പെടുത്തി എടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കണ്ണാടി രൂപപ്പെടുത്തുന്ന ലോഹ കൂട്ടിന്റെ അനുപാതം ഇന്നും രഹസ്യമായി സൂക്ഷിക്കുകയാണ്. ലോകത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറന്മുളയിൽ മാത്രമാണ്. പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിതമായ ആറന്മുള കണ്ണാടിയിൽ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ഒരു ശതമാനം പോലും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
600 ഓളം വര്‍ഷം മുമ്പ് ആറന്മുള ക്ഷേത്ര നിര്‍മ്മാണത്തിന് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ തിക്കിനാം പള്ളില്‍ കുടുംബക്കാരുടെ പൂര്‍വ്വികരാണ് ആറന്മുള കണ്ണാടിയുടെ സൃഷ്ടാക്കള്‍. തിരുനെല്‍വേലി ജില്ലയില്‍ ശങ്കരന്‍ കോവിലിലെ വിശ്വ ബ്രാഹ്മണസമൂഹത്തില്പെട്ടവരാണ് ഇവര്‍. ഓട് ഉപയോഗിച്ചുള്ള പാത്രങ്ങളുടെയും ക്ഷേത്രത്തിലെ മിനുക്കുപണികളുടെയും നിര്‍മാണ ചുമതലയായിരുന്നു ഇവര്‍ക്ക്. അമ്പലം പണികഴിഞ്ഞതോടെ പണിയില്ലാതായ ഇവരെ മടക്കി അയക്കാന്‍ തിരുവിതാംകൂര്‍ രാജാവ് തീരുമാനിച്ചത്രെ. പണിയില്‍ ഉഴപ്പിയതുകൊണ്ടാണ് മടക്കി അയക്കാന് തീരുമാനിച്ചതെന്നും പറയപ്പെടുന്നുണ്ട്. രാജാവിനെ പ്രീതിപ്പെടുത്താനായി ഇവര്‍ ലോഹപ്പണിയില്‍ തങ്ങളുടെ കരവിരുത് പുറത്തെടുക്കുകയായിരുന്നു. ലോഹക്കണ്ണാടി പതിച്ച കിരീടം സമര്‍പ്പിച്ചതോടെ രാജാവ് സംപ്രീതനായി. ഇവര്‍ക്ക് കരം ഒഴിവായി ക്ഷേത്രത്തിന്റെ തെക്കേനടയില്‍ ഭൂമി അനുവദിച്ചു. അങ്ങനെയാണ് ആറന്മുളക്കണ്ണാടി പിറവിയെടുത്തതെന്നാണ് പറയപ്പെടുന്നത്. ഈ വിദ്യ തലമുറകളായി ആറന്മുള തിക്കിനാം പള്ളില്‍ കുടുംബത്തിന് മാത്രം അറിയാവുന്ന രഹസ്യമാണ്. 600 ഓളം വര്‍ഷങ്ങളായി പള്ളിക്കാര്‍ ആ രഹസ്യം ചോരാതെ കാത്തുവരുകയുമായിരുന്നു. കുടുംബത്തിന് പുറത്തുള്ളവര്‍ പണിശാലയില്‍ ജോലിക്ക് വന്നതോടെയാണ് രഹസ്യം ചോര്‍ന്നത്. ചോര്‍ത്തിയെടുത്തവര്‍ സ്വന്തം പണിശാല സ്ഥാപിച്ച് ആറന്മുളക്കണ്ണാടി നിര്‍മ്മാണം തുടങ്ങി. അവരും കണ്ണാടിയുടെ നിര്‍മ്മാണരഹസ്യം വീണ്ടും ചോരാതിരിക്കാന് പ്രത്യേക ശ്രദ്ധപുലര്‍ത്തുന്നുണ്ട്.
കേരളത്തിന്റെ പൈതൃകസ്വത്തായ ഈ കരകൗശല വിദ്യ അന്യം നിന്നു പോകാതിരിക്കാൻ “വിശ്വബ്രാഹ്മണ മെറ്റൽ മിറർ സൊസൈറ്റി”എന്ന സംഘടനക്ക് കീഴിലാണ് കലാകാരന്മാർ പ്രവർത്തിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ആറന്മുള, മല്ലപ്പുഴശ്ശേരി എന്നീ രണ്ടു പഞ്ചായത്തുകളിലായി 23 യൂണിറ്റുകളിൽ 100ലധികം കലാകാരന്മാരാണ് ആറന്മുള കണ്ണാടി നിർമാണവുമായി പ്രവർത്തിക്കുന്നത്. 2013 ൽ വിശ്വബ്രാഹ്മണ മെറ്റൽ മിറർ സൊസൈറ്റി “യുടെ ശ്രമഫലമായി കൂടിയാണ് ആറന്മുള കണ്ണാടി ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ചത്.
വിദേശ വിപണിയിൽ ഒരു അൽഭുത കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരമായി സമ്മാനിക്കുവാനാണ് കൂടുതലായും ഉപയോഗിക്കുന്നത്. യൂറോപ്യന് രാജ്യങ്ങളില് നിന്നടക്കം ഓര്ഡറുകള് ആറന്മുളക്കണ്ണാടിക്ക് ലഭിക്കുന്നുണ്ട്. വില കൂടുതലായതിനാല് ആവശ്യക്കാര് കൂടുതലും വിദേശീയരാണ്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില് 45 സെന്റിമീറ്റര് ഉയരമുള്ള ആറന്മുളക്കണ്ണാടി പ്രദര്ശിപ്പിച്ചിട്ടുണ്ട്. ഭൗമസൂചിക പദവിയിൽ ഉൾപ്പെട്ടതോടെ വിദേശ വിനിമയത്തിലും വ്യക്തമായ വിപണന മാറ്റം സാധ്യമായതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു.