നെയ്തെടുക്കുന്ന പുത്തൻ തുണികളുടെ മണമാണ് ചേന്ദമംഗലം ഗ്രാമത്തിന്. മലയാളനാടിന്റെ സ്വന്തം കൈത്തറിയിൽ നെയ്ത വസ്ത്രങ്ങൾക്ക് വിദേശവിപണിയെ പോലും സ്വാധീനിക്കാൻ കഴിയുമെന്നറിയിച്ച ചേന്ദമംഗലം കൈത്തറി ഒരു നാടിന്റെ തന്നെ അടയാളമാണ്. പ്രകൃതി ദത്തമായ ഉൽപ്പന്നങ്ങൾ യാതൊരു രാസവസ്തുക്കളും ചേർക്കാത്ത നിർമ്മാണ രീതി. ഈ വിശ്വാസ്യതയാണ് ചേന്ദമംഗലം ഗ്രാമത്തിന്റെ മുഖമുദ്ര. ഭൗമസൂചിക പട്ടികയിൽ ഇടം നേടിയ ഇവിടുത്തെ കൈത്തറിയുടെ താളം ചേന്ദമംഗലത്തിന്റെ ഹൃദയതാളമായി മുഴങ്ങുകയാണ്. കൈത്തറിയുടെ പെരുമ ലോകരാജ്യങ്ങളിലേക്കും ആ താളത്തിനൊപ്പം പടരുകയാണ്.
ഒരു ചരിത്ര നിയോഗം പോലെയാണ് ചേന്ദമംഗലം നെയ്തുഗ്രാമമായി മാറിയത്. കൊച്ചി രാജാക്കന്മാരുടെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ഛന്മാരായിരുന്നു പട്ടുവ്യവസായത്തിന് ചേന്ദമംഗലത്ത് വിത്തു പാകിയത്. പാലിയാത്തച്ഛനമാർ മദിരാശിയിൽ നിന്നും മുന്തിയ ഇനം കൈത്തറിതുണികൾ ഇറക്കുമതി ചെയ്യുകയും ദേവാംഗന സമുദായത്തിൽപ്പെട്ട നെയ്ത്തുകാരെ എത്തിക്കുകയും ചെയ്തു. പാലിയം കുടുംബങ്ങൾക്കായി തറിയിൽ നെയ്യുന്ന ജോലികൾ തുടങ്ങിയതോടെ നാടിന്റെ സ്വഭാവത്തിലും മാറ്റം വന്നു. പിന്നീട് തറിയുടെ താളം ചേന്ദമംഗലംകാരുടെ ഹൃദയതാളമായി മാറിയെന്നതാണ് ഏറെ ശ്രദ്ധേയമായ മാറ്റം.
കുട്ടികൃഷ്ണമേനോൻ എന്ന പാലിയത്തെ ഒരു അംഗം ഇലട്രിക് എഞ്ചിനീയറായി ബാംഗ്ലൂരിൽ ജോലിക്ക് പോയ നാളുകളിൽ കർണ്ണാടകയിലെ നെയ്ത്തു ജോലി ചെയ്യുന്ന ദേവാംഗന്മാരുടെ രീതികൾ മനസ്സിലാക്കി. പിന്നീട് ആ കരവിരുത് അദ്ദേഹം നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. 1930 കളോടെ ചേന്ദമംഗലത്തെ നെയ്തുപണി ചെയ്യുന്ന കുടുംബങ്ങളുടെ എണ്ണം കൂടി. അത് പിന്നീട് കൂട്ടായ്മകളും സഹകരണ പ്രസ്ഥാനവുമായി മാറി. ആ ചരിത്രം ആദ്യകാല സഹകരണ സംഘങ്ങളുടെ ചരിത്രവുമാവുമാണ്.
ഒരു കാലഘട്ടത്തിൽ അയ്യായിരത്തിലേറെ കുടുംബങ്ങളുടെ ജീവിതമാർഗ്ഗമായിരുന്ന നെയ്ത്തുവ്യവസായം ഇന്ന് പ്രധാനമായും രണ്ടു സഹകരണസംഘങ്ങളിലെ കൂട്ടായ്മകളായി മാറിയിരിക്കുന്നു. 1954ൽ 201 നെയ്തുകാരുമായി തുടങ്ങിയ സൊസൈറ്റികൾ ഇന്ന് ആയിരത്തിലേറെ പേരുടെ ഉപജീവനമാർഗ്ഗമാണ്. കേരളത്തിൽ ചേന്ദമംഗലത്ത് മാത്രമാണ് സ്വകാര്യവതകരിക്കപ്പെടാത്ത കൈത്തറി വ്യവസായം നിലനിൽക്കുന്നത്. ലോകോത്തര നിലവാരമായി മാറിയ വ്യവസായം. ലോക വ്യാപാര സംഘടനയുടെ ഭൗമസൂചിക അംഗീകാരത്തോടെ ഒരു ഗ്രാമം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.
ഭൗമസൂചിക പട്ടികയിൽ ഇടം പിടിച്ചതോടെ ചേന്ദമംഗലം കൈത്തറിയും മേക്ക് ഓവറിലാണ്. കാലത്തിനനുസരിച്ച് ചേന്ദമംഗലം കൈത്തറിയും മാറി. പുതുതലമുറയുടെ ആഗ്രഹത്തിനനുസരിച്ച് സാരികളിലും മുണ്ടുകളിലും വ്യത്യസ്തത വരുത്തി ചേന്ദമംഗലം കാലത്തിനൊത്ത് നീങ്ങുകയാണ്. ട്രെൻഡിനൊപ്പം മാറി ചിന്തിച്ചതോടെ ആഘോഷങ്ങൾക്കായി സംസ്ഥാനത്തിന് പുറത്ത് നിന്ന് വരെ ആവശ്യക്കാർ കൂടി.