ജൈവ വൈവിധ്യത്തിന്റെ ആസ്ഥാനമായ കേരളത്തിൽ നൂറ്റാണ്ടുകളായി കര്‍ഷകര്‍ നിലനിർത്തി വരുന്ന തനതായ ധാരാളം കാർഷിക ഉല്പന്നങ്ങളുണ്ട്. അക്കൂട്ടത്തിൽ മലപ്പുറം ജില്ലയുടെ എടയൂർ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമാണ് എടയൂർ മുളക്.
മലപ്പുറം ജില്ലയിൽ എടയൂർ പഞ്ചായത്തിലാണ് ഇത് ഏറ്റവും കൂടുതൽ എന്നതുകൊണ്ടുതന്നെ എടയൂർമുളകെന്നാണ് ഇതിന്റെ വിളിപ്പേര്. പണ്ട് മുളക് എണ്ണിയായിരുന്നു വില്പനനടത്തിയിരുന്നത് അത്രയും മൂല്യമായിരുന്നു ഇതിന്. എരിവും കുറവും പോഷകഗുണം കൂടുതലുമുള്ളതാണ് എടയൂർ മുളകിന്റെ പ്രത്യേകത.
മലേഷ്യയില്‍ നിന്നു നാട്ടിലേക്കു മടങ്ങിയ പ്രവാസിയുടെ കൈവശം ഉണ്ടായിരുന്നതില്‍ പ്രധാനമെന്ന് അയാള്‍ക്ക് തോന്നിയത് കുറച്ച് മുളകായിരുന്നു. എല്ലാവരും അയാളെ കളിയാക്കിയപ്പോള്‍ അയാള്‍ അതിന്റെ വിപണന സാധ്യതയെക്കുറിച്ചാണ് ആലോചിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള വിത്താണ് അയാള്‍ മലപ്പുറത്തിന്റെ മണ്ണിൽ വിതച്ചത്. ആ കൃഷിയാണ് പിന്നീട് മലായി മുളകെന്ന എടയൂര്‍ മുളക് കൃഷിയായി വികസിച്ചത്. ഇന്ന് പ്രത്യേക കാലാവസ്ഥയും ജൈവപുഷ്ടിയുള്ള മണ്ണിന്റെ പ്രത്യേകതയും കൊണ്ട് മലായി മുളക് മലപ്പുറത്തിന്റെ സ്വന്തം എടയൂർ മുളകായി മാറിയിരിക്കുന്നു.
എടയൂര്‍ പഞ്ചായത്താണ് എടയൂര്‍ മുളകിന്റെ പൈതൃക ഭൂമി. മുളക് നന്നായി വളരാന്‍ അനുയോജ്യമായ ചരല്‍ മണ്ണാണ് എടയൂരിലേത്.എടയൂർ, മൂർക്കനാട്, മാറാക്കര, ആതവനാട്, കൽപകഞ്ചേരി, ഇരിമ്പിളിയം, കുറുവ പഞ്ചായത്തുകളിലും വളാഞ്ചേരി മുനിസിപ്പൽ പ്രദേശത്തുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ എടയൂര്‍ ചില്ലി ഗ്രോവേഴ്സ് അസോസിയേഷന് എന്ന കൂട്ടായ്മ രൂപീകരിച്ച് ആയിരുന്നു. ഭൗമസൂചിക പദവി ലഭിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചത്. 2017 ൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഭൗമസൂചിക പദവി ലഭിച്ചത് 2021 ലാണ്. SFAC (Kerala Small Farmers Agro Business Consortium) യുടെ കീഴിൽ സുലഭ വെജിറ്റബിൾസ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് കീഴിലാണ് ഇപ്പോൾ കർഷക കൂട്ടായ്മ പ്രവർത്തിക്കുന്നത്.
പഴുത്ത എടയൂർമുളക് നെടുകെകീറി അതിൽ ഉപ്പ് നിറച്ച് വെളിച്ചെണ്ണയിൽ പൊരിച്ചെടുത്താൽ അത് മാത്രം മതി ചോറുണ്ണാൻ അത്രയും സ്വാദിഷ്ടമായ എടയൂർ മുളക് കൊണ്ടാട്ടത്തിന് സ്വദേശത്തും വിദേശത്തും ആരാധകർ ഏറെയാണ്. ഭൗമസൂചിക പട്ടികയിൽ ഉൾപ്പെട്ട എടയൂർ മുളകിൽ നിന്ന് കൂടുതൽ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനാണ് കാർഷിക കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഗ്രീൻ ചില്ലി പൗഡർ (പച്ചപ്പ് നഷ്ട്ടപ്പെടാത്ത മുളക് പൊടി), ചില്ലി സോസ് എന്നിവയുടെ അവസാന ഘട്ട നിർമ്മാണത്തിലാണ് പല കർഷകരും.