നദികൾ സംസ്കാരത്തിന്റെ തീരങ്ങളാകുന്നത് നാം ചരിത്ര പഠനങ്ങളിൽ നിന്നും വായിച്ചിട്ടുണ്ട്. ലോകം മുഴുവനറിഞ്ഞ കുത്താമ്പുള്ളിയുടെ നെയ്ത്ത് സംസ്കാരം കടൽ മുറിച്ചു കടന്നെത്തിയ തെക്ക് ഗായത്രി പുഴയും വടക്ക് ഭാരതപ്പുഴയും കവിഞ്ഞൊഴുകുന്ന നദിക്കരയിലാണ്. തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ നിന്നും അഞ്ച് കിലോമീറ്റർ താണ്ടിയാണ് കൂത്താമ്പുള്ളി. നെയ്ത്തുശാലകളിൽ കസവുപാവുകളും വർണനൂലുകളും ചേർന്നൊരുങ്ങുന്ന ശബ്ദം. തെരുവുകളിൽ നൂറുകണക്കിന് കടകൾ. ഇവിടത്തെ 700 - ഓളം കുടുംബങ്ങള് രാജ്യത്ത് മറ്റെങ്ങും കാണാത്തതരം കൈത്തറി സാരികള്‍ നെയ്യുന്നു. ഒരു ഭൂപ്രദേശമാകെ നെയ്ത്താരവങ്ങൾ ഉയരുന്നു. ഊടും പാവും നെയ്യുന്ന ഗ്രാമ പാരമ്പര്യം ഇന്നും കാക്കുന്ന ഗ്രാമത്തിൽ നെയ്ത്തുമായി ബന്ധമില്ലാത്ത ഒരു വീടുപോലും ഇല്ലെന്നുതന്നെ പറയാം
തനിമയും സവിശേഷതയുമുള്ള ഉത്‌പന്നങ്ങള്‍ക്ക് നല്കുന്ന ഭൗമസൂചിക പദവി സ്വന്തമാക്കിയ കുത്താമ്പുള്ളി സാരികള്‍ വിദേശരാജ്യങ്ങളില്‍ പോലും പ്രശസ്തമാണ്. കൈ കൊണ്ട് നെയ്യുന്ന പാരമ്പര്യ വസ്ത്രങ്ങളിലാണ് കുത്താമ്പുള്ളിയുടെ പ്രശസ്തി. കസവ് ഡബ്ൾ മുണ്ട്, വേഷ്ടി, സെറ്റ് മുണ്ട്, സെറ്റ് സാരി., എന്നിങ്ങനെ ഏത് ഡിസൈനും അനായാസം നെയ്തെടുക്കുന്നവരാണ് കുത്തമ്പുള്ളിയിലെ നെയ്തുകാർ. അതിൽ കുത്താമ്പുള്ളി സാരിക്കും കുത്താമ്പുള്ളി ദോത്തീസിനും ആണ് ഭൗമസൂചിക പദവി ലഭിച്ചത്.
500 വര്‍ഷം മുമ്പ് കൊച്ചി രാജകുടുംബമാണ് വിശിഷ്ട വസ്‌ത്രങ്ങള്‍ നെയ്യാന്‍ വേണ്ടി ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ദേവാംഗ സമുദായത്തില്‍പ്പെട്ടവരെ ഇവിടെ കൊണ്ടു വന്ന് പാര്പ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നത്തെ കര്‍ണ്ണാടകയിലാണ് അവരുടെ വേരുകള്‍. കസവുപാവുകളും വർണനൂലുകളും ചേർന്നൊരുക്കുന്ന ശബ്ദമിശ്രണത്തിൽ ദേവാംഗ കുടുംബങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന കസവുകൾ നെയ്തെടുക്കാൻ തുടങ്ങിയതോടെ കുത്താമ്പുള്ളിയുടെ കീർത്തി നാടെങ്ങും പരന്നു. വെള്ളം ആവശ്യമുള്ള തൊഴിലായതിനാൽ നദീതീരങ്ങളിൽ തന്നെ തമ്പടിച്ചായിരുന്നു നെയ്ത്ത്. കൊട്ടാര വസ്ത്രങ്ങൾ മാത്രം നെയ്തിരുന്ന ഇവർ പിന്നീട് നെയ്ത്ത് ഉപജീവന മാർഗമാക്കുകയായിരുന്നു. ഇന്ന് 3000-ഓളം പേര് കൈത്തറികളും, ഇതുമായി ബന്ധപ്പെട്ട ഇടപാടുകളും കൊണ്ടു ഉപജീവനം നേടുന്നു. ഒരു ഗ്രാമത്തിലെ സമുദായാംഗങ്ങള്‍ മുഴുവന്‍ ഒത്തുചേര്‍ന്ന് പ്രത്യേക ലക്ഷ്യത്തിനായി പ്രവര്ത്തിക്കുന്ന ദൃശ്യം മനോഹരമായ അനുഭവമാണ്.
102 അംഗങ്ങളുള്ള കുത്താമ്പുള്ളി ഹാന്‍ഡ്‌ലൂം ഇന്‍ഡസ്‌ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നെയ്തുകാരുടെ ഉന്നമനത്തിനായി 1972 - ല്‍ രജിസ്റ്റര് ചെയ്ത സംഘടനയാണ്. ഇന്ന് 704 പേരാണ് ഈ സൊസൈറ്റിയിൽ അംഗങ്ങളായിട്ടുള്ളത്. പാരമ്പര്യത്തിന്റെ തനതു രീതികള്‍ കൈവെടിയാതെ,കൈത്തറിയില്‍ ആധുനിക സങ്കല്പങ്ങളും ഒരുമിച്ചു ചേര്‍ത്തു കൊണ്ട് ഇവർ നെയ്യുന്ന വസ്ത്രങ്ങൾ ഭൗമസൂചിക പട്ടികയിൽ ഇടം നേടിയെടുക്കുകയായിരുന്നു.
ഭൗമ സൂചിക ഗണത്തിൽപ്പെട്ട കുത്താമ്പുള്ളി കൈത്തറി വാങ്ങാനും നെയ്ത്ത് പാരമ്പര്യം പഠിക്കാനും സഞ്ചാരികളും വിദ്യാർത്ഥികളും ഡിസൈനർമാരും കച്ചവടക്കാരും ഗുണഭോക്താക്കളും ഈ ഗ്രാമത്തിലെത്തുന്നു. അത്യാധുനിക യന്ത്രങ്ങളോട് കൂടിയെത്തിയ പവര്‍ലൂം വ്യവസായം ഇടക്കാലത്ത് കൈത്തറി മേഖലയ്ക്ക് തിരിച്ചടി ഏല്പ്പിച്ചിരുന്നു. എന്നാല്‍ കേരള തനിമ നഷ്ടപ്പെടാത്ത വ്യത്യസ്ത നിര്‍മ്മാണ രീതി കൊണ്ട് ഗതകാല പ്രൗഢി തിരികെ പിടിക്കുകയാണ് ഇന്ന് കൈത്തറി മേഖല. തനിമയും പൈതൃകവും മുറുകെപ്പിടിച്ച തലമുറ ഇന്ന് കുത്താമ്പുള്ളി കസവ് നെഞ്ചോടു ചേർത്തതോടെ കടൽ കടന്നും നെയ്ത്തുഗ്രാമത്തിെൻറ പെരുമ പടരുകയാണ്. കൂത്താമ്പുള്ളി ഗ്രാമത്തിലെ കൈത്തറി നെയ്ത്തുകാരുടെ തറികൾ നെയ്ത്താരവങ്ങളിലാണ്, തങ്ങളുടെ ഗ്രാമത്തിന്റെ പേര് ഉയരത്തിൽ ഉയരാൻ.