കുറ്റ്യാട്ടൂരിലെ മാമ്പഴവിശേഷങ്ങൾ

പ്രകൃതിദത്തവും,ദ്രുതഗതിയിലുള്ളതുമായ വളർച്ച, നൂറ്റാണ്ടുകളുടെ ജീവതകാലം, ഉയർന്ന ഉല്പാദനക്ഷമത, നിത്യഹരിത വൃക്ഷം, പടർന്ന് പന്തലിക്കുന്ന തണൽ വൃക്ഷം, ബഹു ഭ്രൂണതാ സ്വഭാവം, ഗുണമേന്മയുള്ള മാമ്പഴം എന്നീ വിശേഷണങ്ങൾക്കെല്ലാം അർഹൻ. പഴങ്ങളുടെ രാജാവായ മാമ്പഴത്തിന്റെ കൂട്ടത്തിൽ കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ സ്ഥാനം ഒന്ന് വേറെ തന്നെയാണ്. അത്രയധികമുണ്ട് കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ മാങ്ങയുടെ പെരുമ. അഴകും ഔഷധഗുണവും പോഷകമൂല്യവും മധുരവും രുചിയും സുഗന്ധവും ഒത്തിണങ്ങിയ കുറ്റ്യാട്ടൂർ മാമ്പഴത്തിന് ഭൗമസൂചിക പദവി ലഭിച്ചതോടെ അതിന്റെ ഖ്യാതി രാജ്യങ്ങൾ കടന്നു മുന്നേറുകയാണ്.


ഒരു നാടിന്റെ പെരുമ അന്യദേശങ്ങളിൽ എത്തിക്കുന്ന ഭക്ഷ്യവിള നാടിന്റെ പേരിലും ജാതിയുടെ പേരിലും അറിയപ്പെടുന്നത് ഒരുപക്ഷേ കുറ്റ്യാട്ടൂർ മാവ് (നമ്പ്യാർമാവ്) മാത്രമായിരിക്കും.
നൂറ്റാണ്ടുകൾക്ക് മുമ്പ് നീലേശ്വരം രാജകുടുംബത്തിൽ നിന്നും കുറ്റ്യാട്ടൂർ വേശാലയിലെ പ്രസിദ്ധമായ കാവില്ലത്തും, കുറ്റ്യാട്ടൂരിലെ ചാത്തോത്ത് തറവാട്ടിലും ഈ മാവ് എത്തി എന്നാണ് പറയപ്പെടുന്നത്. കുറ്റ്യാട്ടൂരിൽ ധാരാളമായി ഉണ്ടായിരുന്ന ഈ മാങ്ങ ഇരിക്കൂറിലെ അങ്ങാടിയിൽ എത്തിച്ചിരുന്നത് ഒരു നമ്പ്യാർ ആയതിനാൽ നമ്പ്യാർ മാങ്ങ എന്നും അറിയപ്പെട്ടിരുന്നു. ഭൂപരിഷ്ക്കരണത്തിന് മുമ്പ് സവർണ്ണ കുടുംബങ്ങളിൽ ഒതുങ്ങി നിന്ന് നമ്പ്യാർ' മാവ് ഭൂപരി ഷ്ക്കരണത്തോടെ സാധാരണക്കാരന്റെ തൊടികളിലും പടർന്ന് പന്തലിച്ചു. ഇന്ന് കുറ്റ്യാട്ടൂരിന്റെ ഏത് ഭാഗത്ത് നോക്കിയാലും ഈ മാവിനം തലയുയർത്തി നിൽക്കുന്നത് കാണാം. മുന്നൂറ് വർഷത്തോളം പഴക്കമുള്ള മാവ് വേശാല കാവില്ലത്ത് ഇന്നും അവശേഷിക്കുന്നു. ഒരുപക്ഷേ കേരളത്തിൽ ഏറ്റവും പ്രായമുള്ള മാവ് ഈ മുത്തശ്ശിമാവ് ആയിരുക്കും.


മുന്നൂറ് ഹെക്ടറിലായി അരലക്ഷത്തോളം മാവുകളും 6000 ടൺ മാമ്പഴ ഉത്പാദനവും നിലവിൽ കുറ്റ്യാട്ടൂരിൽ നടക്കുന്നുണ്ട്. സാധാരണ മാവുകളിൽ നിന്നും വിഭിന്നമായി ഗോളാകൃതിയിൽ വലിപ്പം കൂടിയ മാങ്ങകൾ ഒരു കൊമ്പിൽ 600- 800 വരെ പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ അഴകാണ്. ആ ശാഖകൾ ഭാരം കാരണം പൊട്ടി വീഴാനിടയുള്ളതിനാൽ അവയ്ക്ക് താങ്ങ് നൽകിയാണ് മാങ്ങകളെ സംരക്ഷിക്കുന്നത്.


ചെങ്കൽ പാറകൾ നിറഞ്ഞ കുറ്റ്യാട്ടൂരിന്റെ മണ്ണിൽ മാവുകൾ പൂത്തു തളിർത്തിരുന്നു. പക്ഷെ അവയിൽ നല്ലൊരു ശതമാനവും സംഭരണ - സംസ്കരണ സംവിധാനമില്ലാതെ പാഴായി പോകുകയായിരുന്നു. അങ്ങനെയാണ് കുറ്റ്യാട്ടൂരിന്റെ മാമ്പഴപ്പെരുമ നിലനിർത്തി ഉത്പാദകർക്ക് ന്യായവില ലഭ്യമാക്കാൻ 2006 ൽ മാവ് കർഷക സമിതിയുടെ നേതൃത്വത്തിൽ സംസ്കരണ യൂണിറ്റ് ആരംഭിച്ചു. 2016 ൽ കമ്പനി ആക്ട് പ്രകാരം മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. കുറ്റ്യാട്ടൂരടക്കം കണ്ണൂർ ജില്ലയിലെ 21 പഞ്ചായത്തുകളെ ഉൾപ്പെടുത്തിയാണു കമ്പനി രൂപീകരിച്ചത്. 616 കർഷകരാണ് ഈ കമ്പനിയിലെ അംഗങ്ങൾ. നബാർഡിന്റെയും കൃഷി വകുപ്പിന്റെയും കാർഷിക സർവകലാശയുടെയും കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സഹായത്തോടെയാണു കമ്പനിയുടെ പ്രവർത്തനം.


കമ്പനിയുടെ നേതൃത്വത്തിൽ സ്ക്വാഷ്, ജാം, അച്ചാർ, മസാല മാങ്ങ, ഉപ്പുമാങ്ങ, മാങ്ങ കച്ച് എന്നിവ നിർമിച്ച് വിപണിയിലെത്തിക്കുന്നുണ്ട്. കൂടാതെ ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകളും മാമ്പഴത്തിന്റെ പൾപ്പും വില്പന നടത്തുന്നു. ഭാവിയിൽ മാംഗോ സോഡ, മാവിലകൊണ്ട് പൽപ്പൊടി തുടങ്ങി വിവിധ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. കുറ്റ്യാട്ടൂരിൽ മാംഗോ പാർക്ക് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാനും ശ്രമമാരംഭിച്ചിട്ടുണ്ട്.


തൃശൂർ കാർഷിക സർവകലാശാലയിലെ ഡോ. കെ.ആർ എൽസിയുടെ നേതൃത്വത്തിലാണ് കുറ്റ്യാട്ടൂർ മാമ്പഴത്തിന് ഭൗമസൂചിക പദവി നേടിയെടുക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2016 ൽ അപേക്ഷ നൽകിയിരുന്നെങ്കിലും കോവിഡ് കാലം അവസാനിച്ച ശേഷം 2021 ലാണ് ഭൗമസൂചിക പദവി നേടിയെടുക്കാനായത്. അതോടു കൂടി വിദേശ രാജ്യങ്ങളിലടക്കം മാമ്പഴ വിപണിക്ക് പ്രിയം ഏറിയിട്ടുണ്ട്. ഒരു ദേശത്തിന്റെ മണ്ണിനെയും,കാലാവസ്ഥയെയും പോലും പ്രതിനിതീകരിക്കുന്ന കുറ്റ്യാട്ടൂർ മാമ്പഴത്തെ മഹാരാഷ്ട്രയുടെ അൽഫോൺസ്, തമിഴ്നാടിന്റെ നീലം, കർണ്ണാടകയുടെ മുണ്ടപ്പ് പോലെ കേരളത്തിന് സ്വന്തമായി പറയാൻ കഴിയുന്ന മാവിനമാക്കി കേരള മാമ്പഴം എന്ന ലേബൽ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് കുറ്റ്യാട്ടൂരിലെ നാട്ടുകാർ.