കേരളത്തില്‍ പരമ്പരാഗതമായ രീതിയില്‍ കൃഷി ചെയ്യുന്ന ഔഷധഗുണങ്ങളാല്‍ സമ്പന്നമായ നെല്ലിനമാണ് നവര. ആയുര്‍വ്വേദത്തിലും നാട്ടുവൈദ്യത്തിലുമെല്ലാം ഇതിന് വലിയ പ്രാധാന്യമാണുളളത്. രണ്ടായിരത്തിൽ കൂടുതൽ കൊല്ലം പഴക്കമുള്ള (400-200 BC), ആയുർവേദ ഗ്രന്ഥങ്ങളിൽ (ശുശ്രുതസംഹിത, അഷ്ടാംഗഹൃദയം) പരാമർശമുള്ള കേരളത്തിന്റെ പാരമ്പര്യ ഔഷധ നെല്ലിനമാണ് നവര ഒരു “ഷാഷ്ഠിക' (60 ദിവസം കൊണ്ട് കൊയ്യാൻ പാകമാകുന്ന) നെല്ലിനം കൂടിയാണ്.
1960 - 1990 കാലഘട്ടങ്ങളിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതായതോടെ കർഷകർ നവര കൃഷിയിൽ നിന്നും മാറി നിൽക്കാൻ തുടങ്ങി. ഈ സമയത്താണ് നവരയുടെ സംരക്ഷണ പ്രവർത്തനങ്ങൾ കർഷക കൂട്ടായ്മയായ ‘നവര റൈസ് ഫാർമേഴ്സ്സ് സൊസൈറ്റി' തുടങ്ങിയത്. 2003 സെപ്റ്റംബറിലാണ് ഭൂപ്രദേശം സൂചിക രജിസ്ട്രേഷന് (Geographical Indication Registration GI) നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത്. 2004 ഒക്ടോബറിൽ തന്നെ ഞവര അരിക്ക് ജി.ഐ. രജിസ്ട്രേഷനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും, 2007-ൽ ജി.ഐ. രജിസ്ട്രേഷൻ ലഭിക്കുകയും ചെയ്തു. ഇന്ത്യയിൽ തന്നെ കർഷകരുടെ നേതൃത്വത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്യുന്ന കാർഷിക വിഭവമാണ് നവര അരി.
കാർഷികോൽപന്നങ്ങൾക്ക് ഭൗമ സൂചികം (ജി.ഐ) ലഭിച്ച ശേഷം ബ്രാൻഡ് പേരുകളിൽ വിപണനം ചെയ്യാൻ തുടങ്ങിയതോടെ വിലയിലും ആവശ്യത്തിലും വർധനയുണ്ടായിട്ടുണ്ട്. മുൻപു കിട്ടിയിരുന്നതിനെക്കാൾ 30% മുതൽ 60% വരെ അധിക വില ഇപ്പോൾ ലഭിക്കുന്നുണ്ട്. കർഷകർക്കു ലാഭം ഉണ്ടാകുന്നതോടെ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവും ഉൽപാദനവും വർധിക്കുന്നുണ്ട്. ഉദാഹരണത്തിനു പാലക്കാടൻ നവര അരിക്ക് കിലോഗ്രാമിനു ഇപ്പോൾ ശരാശരി 200 രൂപ വില ലഭിക്കുന്നു. എന്നാൽ 10 വർഷം മുമ്പ് 30 രൂപയാണ് ലഭിച്ചിരുന്നത്. ജൈവകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന നവരയ്ക്കു യു.എൻ.എഫ് എന്ന ബ്രാൻഡിലൂടെ നടത്തുന്ന വിപണനത്തിൽ കിലോഗ്രാമിന് 520 രൂപ വരെയാണ് വില.
പ്രത്യേക ധാന്യമായ നവരയ്ക്ക് ഭക്ഷണത്തിലും രോഗ പ്രതിരോധ മാർഗങ്ങളിലും തുല്യ പ്രാധാന്യമാണുള്ളത്. രക്തചംക്രമണം, ശ്വസനം, ദഹനവ്യവസ്ഥ എന്നിവയെ ബാധിക്കുന്ന അസുഖങ്ങൾ പരിഹരിക്കാനുള്ള ഗുണങ്ങൾ ഇതിന് ഉണ്ട്. നവര നെല്ല് വാതത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് .നവര അരി വെന്ത ശേഷം ഒരു കിഴിയാക്കി വാതം ഉള്ള ഭാഗത്ത് ഉഴിയുന്നത് വേദനയ്ക്ക് ശമനം നൽകും. പ്രസവ രക്ഷ മുതൽ എല്ലാതരം ലേഹ്യങ്ങളുടെ നിർമ്മാണത്തിനും നവര അരി ഉപയോഗിക്കുന്നു. കർക്കിടക മാസ ഔഷധ കഞ്ഞിയിലെ പ്രധാന ചേരുവയും നരവ അരിയാണ്.മറ്റു ധാന്യങ്ങളെ അപേക്ഷിച്ചു പ്രോട്ടീന്റെ അളവു വളരെ അധിമുണ്ട് നവരയിരിയിൽ . അതുകൊണ്ടുതന്നെ കുട്ടികൾക്കു വളരെ നല്ല ഒരു ആഹാരമാണ് നവരയരി.