ഊണായും കഞ്ഞിയായും മുറുക്കും കൊണ്ടാട്ടവുമുൾപ്പെടെയുള്ള പലഹാരങ്ങളായും പാലക്കാടൻ മട്ടയുടെ രുചി നാടറിഞ്ഞു. തനിമയുടെ അംഗീകാരമായി 2007ൽ ഭൗമ സൂചികാ (ജിഐ) അംഗീകാരവും ലഭിച്ചു. ഇന്ന് പാലക്കാടന് കര്ഷകരുടെ അഭിമാനവും അന്തസ്സുമാണ് പാലക്കാടന് മട്ട.
ഏറെ രുചികരവും ചുവന്ന നിറമുളളതുമായ അരിയാണിത്. തവിടോടു കൂടിയ മട്ട അരി പോഷകസമൃദ്ധമാണ്. കേള്‍ക്കുമ്പോള്‍ മട്ട ഒരു നെല്ലിനം മാത്രമാണെന്ന് തോന്നിയേക്കും. എന്നാല്‍ അങ്ങനെയല്ല. ആര്യന്, അരുവക്കാരി, ചിറ്റേനി, ചെങ്കഴമ, ചെറ്റാടി, തവളക്കണ്ണന്‍, ഇരുപ്പൂ, വട്ടന്‍ ജ്യോതി, കുഞ്ഞുകുഞ്ഞു, പൂച്ചെമ്പന്‍ എന്നിവയാണ് പാലക്കാടന് മട്ട അരിയുണ്ടാക്കാനുപയോഗിക്കുന്ന പ്രധാന നെല്ലിനങ്ങള്‍. ഓരോന്നിനും നേരിയ രുചി വ്യത്യാസങ്ങളുമുണ്ട്. ഉറപ്പുളള ചെടികളില് കനംകൂടിയ വലിയ കതിരുകളുണ്ടാകും. മൂക്കുംതോറും വിളവും അരിയുടെ നിറം, രുചി എന്നിവയും കൂടും. സവിശേഷമായ പാലക്കാടൻ മണ്ണും ചുരം കടന്നെത്തുന്ന പാലക്കാടന്‍ കാറ്റും ചുട്ടുപൊള്ളുന്ന പാലക്കാടൻ വെയിലും ഉയർന്ന അന്തരീക്ഷ ആർദ്രതയുമാണു പാലക്കാടൻ മട്ടയ്ക്കു രുചി പകരുന്ന പ്രകൃതിയുടെ ചേരുവകൾ. അതാണു മറ്റൊരു നാട്ടിൽ വിളയിച്ചെടുത്താലും അരി പാലക്കാടൻ മട്ടയാവാത്തത്.
1000 കൊല്ലത്തിലധികം പഴക്കമാണ് പാലക്കാടൻ മട്ടക്ക് അവകാശപ്പെടാനുള്ളത്. അരി രാജകീയ ഭക്ഷണമായിരുന്ന കാലം. സാധാരണ ജനങ്ങൾ കഴിച്ചിരുന്നതു ചാമയാണ്. രാജാവിന്റെ പാടത്തു കൃഷി ചെയ്തിരുന്ന നെല്ല് ധൈര്യവാനായ ഒരു കർഷകൻ കവുങ്ങിന്റെ പാള അഥവാ മട്ടയിൽ ഒളിപ്പിച്ചു കടത്തി. രഹസ്യമായി വിതച്ചു. അങ്ങനെ രാജഭക്ഷണത്തിന്റെ രുചി ജനമറിഞ്ഞു. മട്ടയിൽ ഒളിപ്പിച്ചു കടത്തിയ ആ അരിയെയും അവർ മട്ടയെന്നു വിളിച്ചു - ഇങ്ങനെയാണ് പാലക്കാട്ടെ നെൽക്കർഷകന്റെ അഭിമാനമായ പാലക്കാടൻ മട്ടയുടെ ഐതിഹ്യം. കഥ എന്തു തന്നെയായാലും പാലക്കാടൻ മട്ട പ്രൗഢി ഒട്ടും ചോരാതെ അന്നും ഇന്നും രാജകീയമായ തന്നെ നിലകൊള്ളുകയാണ്.
പാലക്കാടൻ മട്ട ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിൽ കേരളത്തിലെ ആദ്യ കാർഷിക ഉൽപാദക കമ്പനിക്ക് 2005 ൽ കർഷകർ രൂപം നൽകിയിരുന്നു. ആ കമ്പനിയുടെ പരിശ്രമങ്ങൾക്കു ഫലമായാണ് 2005 ൽ തന്നെ ഭൗമസൂചിക പദവി നേടിയെടുക്കുന്നതിന് പാലക്കടൻ മട്ടക്ക് സാധിച്ചതും. ഭൗമസൂചിക പദവിയിൽ ഉൾപ്പെട്ടതോടെ കിലോഗ്രാമിന് 110 രൂപയ്ക്കാണ് അരി വിൽക്കുന്നത്. നേരത്തേ കിലോഗ്രാമിന് 40–45 രൂപ ലഭിച്ചിരുന്ന സ്ഥാനത്താണിത്.
എങ്കിലും ഉൽപാദകരിൽനിന്നു നെല്ല് സംഭരിച്ചു വിപണനം ചെയ്യാനുള്ള സംവിധാനത്തിന്റെ അപര്യാപ്തതയും മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാനും വിപണിയിൽ ഇടപെടാനുമുള്ള മൂലധനമില്ലായ്മയും, കുറഞ്ഞ വിളവും മൂലം ചില കർഷകർ എങ്കിലും മട്ട കൃഷിയിൽ നിന്നു മുഖം തിരിക്കാൻ നിർബന്ധിതരായിട്ടുണ്ട്. കൂടുതൽ കർഷക സൗഹാർദ്ധപരമായ നടപടികളിലൂടെ പാലക്കാട് മട്ട കൃഷിയെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയാണ് ഇനി ലക്ഷ്യം.