ഐതിഹ്യങ്ങളുടെ നാടായ കണ്ണൂരിൽ ഐശ്വര്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് പയ്യന്നൂർ പവിത്രം എന്നറിയപ്പെടുന്ന പവിത്രമോതിരം. ഭക്തിപൂര്വ്വം കയ്യിലണിയുന്നവര്ക്ക് ഭാഗ്യവും ധനസമ്യദ്ധിയും പ്രധാനം ചെയ്യുന്ന ആഭരണം എന്നാണ് പയ്യന്നൂര്‍ പവിത്രമോതിരത്തെപ്പറ്റിയുളള വിശ്വാസം.
ദര്‍ഭപ്പൂല്ല് കൊണ്ട് സ്വര്‍ണ്ണത്തിലോ വെള്ളിയിലോ പണിയുന്നതാണ് പവിത്ര മോതിരം. പുരുഷന്മാര്‍ക്ക് മോതിരമായും സ്‌ത്രീകള്‍ക്ക് വളയായുമാണ് ഇത് നിർമ്മിക്കാറുള്ളത്. വലതു കൈയ്യിലാണ് ഇത് ധരിക്കേണ്ടത്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ പവിത്ര മോതിരത്തെ കുറിച്ചുള്ള വിശ്വാസം. അതുകൊണ്ടു തന്നെ സുബ്രഹ്മണ്യ സ്വാമിയുടെ മുമ്പില്‍ പൂജിച്ചതിനു ശേഷം, അവിടെ വെച്ച് ഭഗവാന്റെ അനുഗ്രഹത്തോടെ മാത്രമേ പവിത്ര മോതിരം അണിയാവൂ.
വിശ്വാസത്തോടും ഭക്തിയോടും ഇത് അണിയുന്നവര്ക്ക് അഭിവൃദ്ധിയും അനുഗ്രഹങ്ങളും ഉണ്ടാകുന്നു. കൂടാതെ പൂജകള്‍, പൂജകള്‍, പിതൃതര്‍പ്പണം എന്നിവ പവിത്ര മോതിരം ധരിച്ചു കൊണ്ട് ചെയ്യുകയാണെങ്കില്‍ സര്‍വ്വപാപങ്ങളും നശിച്ചു പോകുമെന്നാണ് വിശ്വാസം.
പവിത്ര മോതിരം പണിയാനുള്ള അവകാശം പെരുന്തട്ടാന്റെ കുടുംബാംഗങ്ങള്‍ക്കാണ്. ടിപ്പുവിന്റെ പടയോട്ട കാലത്ത് തകര്‍ക്കപ്പെട്ട ഒരു ക്ഷേത്രമായിരുന്നു സുബ്രഹ്മണ്യ ക്ഷേത്രം. പിന്നീട് ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ നടത്തിയത് തരണല്ലൂര്‍ തന്ത്രിയാണ്. അന്ന് ആ ക്ഷേത്രത്തില്‍ മുതിര്‍ന്ന തന്ത്രിമാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അതിനാലാണ് ബാലനായിരുന്ന തരണല്ലൂര്‍ തന്ത്രി പൂജയ്ക്കായി എത്തിയത്. മൂന്നു നേരത്തെ പൂജയ്ക്ക് ദര്‍ഭ കൊണ്ടുള്ള പവിത്രക്കെട്ട് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടും അതു കൊണ്ടും ദര്‍ഭ കൊണ്ട് സ്വര്‍ണത്തില് പവിത്ര മോതിരം ഉണ്ടാക്കാന്‍ തന്ത്രി ആവശ്യപ്പെട്ടു. തന്ത്രിയില്‍ നിന്ന് മോതിരത്തിന്റെ ഘടനയും സവിശേഷതകളും മനസ്സിലാക്കിയ ചൊവ്വാട്ടു വളപ്പില്‍ (സി.വി. കേളൻ) പെരുന്തട്ടാനാണ് അന്നാദ്യമായി മോതിരം പണിതത്. ഇപ്പോഴും ഈ മോതിരം പണിയാനുള്ള അവകാശം ഈ കുടുംബത്തിനു മാത്രമാണ്.
താന്ത്രിക ആവശ്യത്തിനായി ആദ്യകാലങ്ങളില് ഉപയോഗിച്ചു പോന്നിരുന്ന പവിത്രം കാലക്രമേണയാണ് ആളുകള്‍ മോതിരമായി കയ്യില്‍ അണിയാന്‍ തുടങ്ങിയത്. തനി തങ്കത്തിലാണ് പവിത്രത്തിന്റെ നിര്‍മ്മാണം. പവിത്രക്കെട്ട് മോതിരത്തില്‍ ഘടിപ്പിച്ചാണ് കയ്യില്‍ ധരിക്കുന്നത്. പവിത്രക്കെട്ട് ചേര്‍ത്തുണ്ടാക്കുന്ന മോതിരം ആയതിനാല്‍ ഇതിനെ പവിത്രമോതിരമായി അറിയപ്പെട്ടു. വിധി പ്രകാരം പയ്യന്നൂര്‍ സുബ്രമണ്യക്ഷേത്രത്തില്‍ ധരിക്കുന്ന ആളിന്റെ പേരും നാളും പറഞ്ഞ് പൂജിച്ചതിനു ശേഷമാണ് മോതിരം ധരിക്കേണ്ടത്.
പവിത്രമോതിരത്തിലെ പവിത്രക്കെട്ടിനു മുകളിൽ സൂക്ഷിച്ചിരിക്കുന്ന മൂന്നു മുത്തുകൾ ത്രിമൂർത്തികളെയാണ് പ്രതിനിധീകരിക്കുന്നത്. പവിത്രക്കെട്ടിന് ഇരുവശമുള്ള ഏഴു മുത്തുകൾ സപ്തർഷികളെയാണു സൂചിപ്പിക്കുന്നത്. പവിത്രക്കെട്ടിനു തൊട്ടു താഴെ മധ്യവരയെ തൊട്ടുള്ള പരന്ന വട്ടമുത്തരി സൂര്യഗ്രഹത്തെയും ആ വര അവസാനിക്കുന്നടത്തെ പരന്ന വട്ട മുത്തരി ചന്ദ്രഗ്രഹത്തെയുമാണ് സൂചിപ്പിക്കുന്നത്. അതിനു താഴെ കാണുന്ന നാലു മുത്തരികൾ നാലു വേദങ്ങളെ പ്രതിനിധീകരിക്കുന്നു.പവിത്രമോതിരത്തിലെ മൂന്നു വരകൾ മനുഷ്യ ശരീരത്തിലെ മൂന്നു നാഡികളെയാണ് സൂചിപ്പിക്കുന്നത്. ഈ മൂന്നു വരകൾ ചേർന്നു മധ്യഭാഗത്തായി ഒരു കെട്ടായി മാറുന്നു. കുണ്ഡലിയെന്ന സൂക്ഷ്മമായ സൃഷ്ട ശക്തിയെ ഉണർത്തി വിടാനുള്ള യോഗ വിദ്യാപരമായ കെട്ടുകളാണ് ഈ പവിത്രമോതിരത്തിൽ ഉള്ളത്.
ചിട്ടയായ ജീവിതമാണ് പവിത്രമോതിരം ധരിക്കേണ്ടവർ പാലിക്കേണ്ടത്. മദ്യം, മത്സ്യമാംസാദികൾ ഉപയോഗിക്കാൻ പാടില്ല. മോതിരം പണിയുന്നവർക്കും വ്രതാനുഷ്ഠാനം നിർബന്ധമാണ്. മൂന്നു ദിവസത്തെ ഏകാഗ്രതയോടു കൂടിയാണ് മോതിരം പണിയേണ്ടത്.
പവിത്ര മോതിരത്തിൽ പ്രസക്തിയും വിശ്വാസ മൂല്യങ്ങളും മനസ്സിലാക്കി മറ്റ് മേഖലയിൽ ഉള്ള സ്വർണ വ്യാപാരികളും ‘പയ്യന്നൂർ പവിത്ര മോതിരത്തിന്റെ' അവകാശം സ്വന്തമാക്കാൻ ശ്രമിക്കുകയുണ്ടായി. അതിന്റെ ഭാഗമായി അവരുടെ അപേക്ഷയിന്മേൽ ഭൗമസൂചിക പദവി നൽകുകയും ചെയ്തു. എന്നാൽ പയ്യന്നൂർ പവിത്ര മോതിരം നിർമ്മിക്കുന്നതിന് യഥാർഥ അവകാശം പാരമ്പര്യമായി ലഭിച്ച പെരുന്തട്ടാന്റെ കുടുംബം ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുകയും അർഹതപ്പെട്ട അവകാശം സ്വന്തമാക്കുള്ള പ്രയത്നത്തിലുമാണ്.