കൊയ്ത്തു കഴിഞ്ഞ പാടത്തിൽ ചെമ്മീൻ കൃഷി നടത്തി കൊയ്ത്തുത്സവത്തിൽ ആറാടും, പിന്നാലെ വീണ്ടും നെൽ കൃഷി. പ്രകൃതിയുടെ കാത്തുവയ്പ്പുകളിൽ കേരളത്തിലെ അത്ഭുത കൃഷി രീതികളിൽ ഒന്നാണ് പൊക്കാളി കൃഷി.
പൂർണ്ണമായും ജൈവമായി നെല്ലുത്പാദിപ്പിക്കുന്ന ഒരു കൃഷിരീതിയാണ് പൊക്കാളി. ഉപ്പുരസവും ഉയർന്ന ജലനിരപ്പും വെള്ളപ്പൊക്കവും ഒരു പരിധി വരെ കാലാവസ്ഥ വ്യതിയാനവും അതിജീവിച്ച് വളരാൻ ഇവയ്ക്ക് കഴിയും. ഉയർന്ന നിലയിൽ ഔഷധ ഗുണങ്ങൾ ഉള്ള നെല്ലിനമാണ് ഭൗമസൂചികയിൽ ഇടം പിടിച്ച പൊക്കാളി.
2008-ൽ ഭൗമസൂചിക പദവി (ജി.ഐ. ടാഗ്) ലഭിച്ചിട്ടുള്ള പൊക്കാളി ആഗോളതലത്തിൽ തന്നെ വളരെയധികം പ്രാധാന്യം കൈവന്നിട്ടുള്ള നെല്ലിനമാണ്. ഈ കൃഷിരീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നു തന്നെയാണ് പേര്. ലവണ പ്രതിരോധശക്തിയും അമ്ലത്വ സഹനശക്തിയുമുള്ള നെല്ലിനമാണ് പൊക്കാളി. ഓരു വെള്ളക്കെട്ടാണ് പൊക്കാളി നിലങ്ങളുടെ തനിമ. തികച്ചും കാലാവസ്ഥയെ ആശ്രയിച്ച്, ഇടവപ്പാതിക്കാലത്ത് കൃഷി ഇറക്കുന്ന പൊക്കാളി നിലങ്ങൾ മറ്റൊരു സമയത്തും നെൽക്കൃഷിക്ക് യോഗ്യമല്ല.
ആറ് മാസം നെല്ലും ആറ് മാസം ചെമ്മീൻ കൃഷിയും ചെയ്യുന്നതാണ് പാടങ്ങളിൽ തുടർന്നു വരുന്ന സമ്പ്രദായം. ഏപ്രിൽ മാസത്തിൽ വിഷുവോടെയാണ് നെൽക്കൃഷിയുടെ ഒരുക്കങ്ങൾ പൊക്കാളി പാടത്ത് ആരംഭിക്കുന്നത്. .നെൽകൃഷി കഴിയുന്നതോടെ നിലങ്ങളിൽ ഉപ്പ് രസം വർദ്ധിക്കുകയും ശിഷ്ടമുള്ള മാസങ്ങളിൽ പൊക്കാളി നിലങ്ങൾ ചെമ്മീൻ കെട്ടുകളായി മാറ്റുകയും ചെയ്യുന്നു. കൊയ്ത്തിന് ശേഷം പാടത്ത് കിടക്കുന്ന അവശിഷ്ടങ്ങളും ബാക്കി നിർത്തിയ തണ്ടുകളിൽ വളരുന്ന സൂക്ഷ്മ ജീവികളും ചെമ്മീനുകൾക്ക് ഭക്ഷണമാകുന്നു. ചെമ്മീൻ വിളവെടുത്ത് കഴിഞ്ഞാൽ വീണ്ടും നെൽ കൃഷി ആരംഭിക്കും.
ചൂട്ടുപൊക്കാളി, ചെട്ടിവിരിപ്പ്, ഓർപാണ്ടി, ചെറുവിരിപ്പ്, കുറുവ, ആനക്കോടൻ, എരവപ്പാണ്ടി എന്നിവയാണ് പരമ്പരാഗത വിത്തുകൾ. സവിശേഷമായ രുചിയും പാചകഗുണങ്ങളും ഔഷധഗുണങ്ങളും പൊക്കാളി നെല്ലിനു സ്വന്തമാണ്. വൈറ്റമിൻ ഇ, ആന്റി ഓക്സിഡന്റുകൾ, ബോറോൺ, ഇരുമ്പ്, സൾഫർ തുടങ്ങിയ ധാതുക്കളും പൊക്കാളിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബറുകളാലും പ്രോട്ടീനാലും അമൈലേസിനാലും സമ്പന്നമാണ് പൊക്കാളി അരി. നാച്ചുറൽ ഓയിലും ഇവയിൽ അടങ്ങിയിട്ടുണ്ട്.
പൊക്കാളിയുടെ ചരിത്രം കേരളത്തിന്റെ കാർഷിക വികസനത്തിന്റെ കൂടി ചരിത്രമാണ്.സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, ചരിത്രപരമായ അവസ്ഥകൾ വിശദീകരിക്കുന്ന, പഴയ കൊച്ചി രാജ്യത്തിന്റെ 1911 CE പ്രസിദ്ധീകരണമായ കൊച്ചിൻ സ്റ്റേറ്റ് മാന്വലിലും 1989-ലെ കേരള സ്റ്റേറ്റ് ഗസറ്റിയറിലുമെല്ലാം ഈ പ്രാചീന കൃഷി സമ്പ്രദായത്തിന്റെ പരാമർശം കാണാം. ഏകദേശം 3000 വർഷങ്ങൾക്കു മുൻപ് ഒരു മഹാപ്രളയത്തിൽ പശ്ചിമഘട്ട മേഖലയിൽനിന്ന് ഒഴുകി, താഴ്ന്നു കിടക്കുന്ന ലവണാംശം കലർന്ന പ്രദേശങ്ങളിൽ എത്തിപ്പെട്ട നെല്ലിനമാണ് പൊക്കാളി. പണ്ട് ഗോവയിൽനിന്ന് കൊങ്കണി സംസാരിക്കുന്ന കുഡുംബി സമുദായം കേരളത്തിലേക്ക് കുടിയേറിയപ്പോൾ ഒപ്പം കൊണ്ടുവന്നതാണ് പൊക്കാളി എന്നും പറയപ്പെടുന്നു. പ്രകൃതിയുടെ രൗദ്രഭാവങ്ങളെ തരണം ചെയ്ത് വളർന്ന പൊക്കാളി, പിന്നീട് ജനങ്ങളുടെ ജീവിതരീതിയായ കൃഷിയുടെ ഭാഗമാവുകയായിരുന്നു.
എറണാകുളം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിൽ വേമ്പനാട്ടുകായലിന്റെയും അറബിക്കടലിന്റെയും ഇടയിലുള്ള തീരദേശ പ്രദേശങ്ങളിൽ 33 പഞ്ചായത്തുകളിലും, രണ്ടു മുനിസിപ്പാലിറ്റികളിലും, ഒരു കോർപ്പറേഷനിലും ആയിട്ടാണ് പൊക്കാളിപ്പാടങ്ങൾ ഉള്ളത്. കേരളത്തിലെ ആകെ മൊത്തം തണ്ണീർത്തടങ്ങളുടെ ഭൂരിഭാഗവും എറണാകുളം ജില്ലയിലാണ്. എറണാകുളം ആസ്ഥാനമായ പൊക്കാളി നില വികസന ഏജൻസിയാണ് (പി.എൽ.ഡി.എ.) ജില്ലയിലെ പൊക്കാളിക്കൃഷിയുടെ വികസനത്തിന്റെ ചുമതല വഹിക്കുന്നത്.
ആരോഗ്യകരമായ ജീവിതം പ്രധാനം ചെയ്യുന്ന പൊക്കാളിയുടെ കയറ്റുമതി സാധ്യതകൾ ഏറെയാണ്. ഭൗമസൂചിക പദവി സ്വന്തമാക്കിയതിലൂടെ പൊക്കാളിയുടെ കയറ്റുമതിയിൽ വിദേശ വിനിമയ വരുമാനം വർദ്ധിപ്പിക്കുന്നതിനും ഈ മേഖലയ്ക്ക് പുതിയ ഉത്തേജനം നൽകുന്നതിനും സാധിച്ചിട്ടുണ്ട്. നെല്ലായും അരിയായും അവലായും അരിപ്പൊടിയായിട്ടെല്ലാം പൊക്കാളിവിപണി വിപുലമാകുന്നതിനോടൊപ്പം ഇക്കോ-ഫ്രണ്ട്ലി, നേച്ചർ ടൂറിസം എന്നിവയിലൂടെ കൃഷിയിടങ്ങൾ വികസിപ്പിക്കാനൊരുങ്ങുകയാണ് കർഷകർ.