മുറുക്കി ചുവന്ന തിരൂർ വെറ്റില

കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ ഭൗമസൂചിക പദവിയില്‍ തിളങ്ങി തിരൂര്‍ വെറ്റില. സ്ഥായിയായ വിപണി ഇല്ലാതെ ഏറെ പ്രതിസന്ധി നേരിടുന്നവെറ്റില കൃഷിയെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനുതകുന്നതാണ് ഭൗമസൂചിക പദവി. വെറ്റില കൃഷി തിരൂറുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നായതിനാൽ ഈ കൃഷിയുമായുള്ള പൊക്കിൾകൊടി ബന്ധം വിച്ഛേദിക്കാൻ ഒരിക്കലും ഈ നാട് തയ്യാറായിരുന്നില്ല. അതിന്റെ പ്രതിഫലമാണ് കാർഷിക മേഖലയെ സ്വാധീനിക്കാൻ ഉതകുന്ന ഈ ഭൗമസൂചിക പദവി.

പൈപ്പെറേസീ (Piperaceae) കുടുംബത്തിൽപ്പെട്ട ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് വെറ്റില. സിംഗപ്പൂരും മലായയുമാണ് ജന്മദേശമെന്ന് പറയപ്പെടുന്നു. ഇലരൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം കൂടിയാണിത്. കാൻസർ ഉൾപ്പെടെയുള്ള ചിലതരം രോഗങ്ങൾക്ക് പ്രതിരോധമരുന്നായും വെറ്റില ഉപയോഗപ്പെടുത്തുന്നുണ്ട്. കോട്ടക്കൽ ആര്യ വൈദ്യശാല, കോയമ്പത്തൂർ ആര്യ വൈദ്യ ശാല മുതലായ ആയുർവേദ സ്ഥാപനങ്ങൾ തിരൂർ വെറ്റിലയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞു കൊണ്ട് മരുന്നുകളിൽ ഉപയോഗിക്കുന്നുണ്ട്.

അതിപുരാതന കാലംതൊട്ടേ ഇന്ത്യയിൽ വെറ്റില കൃഷി ചെയ്തു വരുന്നുണ്ട്. കേരളത്തിലെ വെറ്റില കൃഷിയുടെ ആസ്ഥാനമാണ് മലപ്പുറം ജില്ലയിലെ തിരൂർ. പ്രത്യേക രുചിയുള്ളതും, കാണാൻ ഭംഗിയുള്ളതും, കനം കുറഞ്ഞതും ഔഷധഗുണമുള്ളതുമാണ് തിരൂര് വെറ്റില. എരിവാണ് തിരൂർ വെറ്റിലയുടെ ഏറ്റവും വലിയ പ്രത്യേകത. വിഷം തളിക്കാത്തതും ഗുണമേന്മയേറിയതുമായ വെറ്റിലയാണെന്ന കാരണത്താൽ അയൽരാജ്യങ്ങളിലെ നിരവധിയാളുകൾ തിരൂർ വെറ്റിലയുടെ ഉപഭോക്താക്കളായുണ്ടായിരുന്നു. പാക്കിസ്ഥാന്‍, ശ്രീലങ്ക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്‌ എന്നിവിടങ്ങളിലേക്കാണ് തിരൂര്‍ വെറ്റില പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്. മുൻപ് പ്രതിദിനം 20 ക്വിന്റലിലധികം വെറ്റില ഇവിടെ നിന്ന് കയറ്റുമതി ചെയ്തിരുന്നു. ഇത് കൂടുതൽ കർഷകരെ വെറ്റില കൃഷിയിലേക്ക് ആകർഷിച്ചു. എന്നാൽ ഇന്ത്യ പാകിസ്ഥാൻ നയതന്ത്ര ബന്ധങ്ങളിലെ അസ്വാരസ്യങ്ങളും അസ്ഥിരമായ ബംഗ്ലാദേശ് വിപണിയും വെറ്റില കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. കർഷകരുടെ എണ്ണം നാമമാത്രമായി കുറഞ്ഞു. പിന്നീട് കേരളത്തിലെയും ഇന്ത്യൻ സംസ്ഥാനങ്ങളിലെയും വിപണിസാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് തിരൂർ വെറ്റില പഴയ പ്രതാപം വീണ്ടെടുത്തത്.

ഇന്ന് മലപ്പുറം തിരൂരിൽ 5000 വെറ്റില കർഷകർ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 10,000 ത്തോളം ആളുകൾ തിരൂർ വെറ്റിലയുമായി അനുബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. തിരൂർ വെറ്റിലക്ക് വിപണി കണ്ടെത്തുന്നതിനും കർഷക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും 2013 ൽ സൊസൈറ്റി ആക്ട് പ്രകാരം കർഷകർ സംഘടിച്ചു തിരൂർ വെറ്റില ഉത്പാദക സംഘം രൂപീകരിച്ചു. പിൽക്കാലത്ത് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിപണിയിൽ വേണ്ടത്ര കാര്യക്ഷമമല്ലാതായപ്പോൾ SFAC kerala(small Farmers Agro Business Consortium) യുടെ കീഴിൽ 2021 ൽ Thiroor Betal leaf producer Company limited എന്ന പേരിൽ Farmers producers company ആയി രജിസ്റ്റർ ചെയ്തു.