കൈതച്ചക്കയുടെ ആഗോള വില നിര്‍ണയിക്കുന്ന കേരളത്തിലെ ഒരു കൊച്ചുപട്ടണം. കൈതച്ചക്കയുടെ ഉല്പാദനതിലൂടെ കൈതച്ചക്ക റിപ്ലബിക്ക് എന്ന വിളിപേരു പോലും നേടിക്കൊടുത്ത ഗ്രാമം. കൈതച്ചക്കയുടെ മധുരം നുകരുമ്പോള്‍ ഓര്‍ക്കുക. ഇത് ഒരു പക്ഷെ എറണാകുളം ജില്ലയിലെ കൊച്ചുഗ്രാമമായ വാഴക്കുളത്തെ ഏതെങ്കിലും കൃഷിയിടത്തില്‍ വിളഞ്ഞതാകാം. പൈനാപ്പിള്‍ അഥവാ കൈതച്ചക്കയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉല്പ്പാദന കേന്ദ്രമാണ് മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം.
2009 ല്‍ ഭൂസൂചികാ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതോടെയാണ് വാഴക്കുളം പൈനാപ്പിള്‍ ബ്രാന്റ് നാമമായി മാറിയത്. മൗറീഷ്യസ് ഇനം പൈനാപ്പിളാണ് വാഴക്കുളത്ത് വിളയുന്നത്. ഈ മേഖലയിലെ പൈനാപ്പിളിന്റെ മികവും രുചിയും സുഗന്ധവും മധുരവും കീര്‍ത്തി കേട്ടതാണ്. 55 വര്‍ഷം മുമ്പാണ് വാഴക്കുളം ഗ്രാമത്തില് കൈതച്ചക്ക കൃഷി ആരംഭിച്ചത്. കൊച്ചുകുടി, കക്കുഴി, പേരിക്കോട്ടില്‍ എന്നീ കുടുംബങ്ങളാണ് കൃഷിക്ക് തുടക്കമിട്ടത്. പിന്നീട് കലൂര്‍ക്കാട് പഞ്ചായത്തിലേക്കും തൊടുപുഴ താലൂക്കിലെ കോടിക്കുളം, ഉടുമ്പന്നൂര്‍ ഭാഗത്തേക്കും കൃഷി വ്യാപിച്ചു. ഇപ്പോള്‍ പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലും വാഴക്കുളം പൈനാപ്പിള്‍ വിളയുന്നുണ്ട്.
സീസണ്‍ സമയത്ത് ദിവസവും ഏകദേശം 1000 ത്തോളം ലോറികളാണ് കൈതച്ചക്ക നിറച്ച് വാഴക്കുളത്ത് നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് തിരിക്കുന്നത്. വേഗം കേടുവരുന്നതാകയാൽ വാഴക്കുളം കൈതച്ചക്കകൾ, വടക്കേ ഇൻഡ്യയിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലേക്ക് പാസഞ്ചർ ട്രെയിനുകളിൽ കുറഞ്ഞനിരക്കിൽ കൊണ്ടുപോകാൻ റെയിൽ വേയുമായി കരാറും നിലവിലുണ്ട്. ഗല്‍ഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും വാഴക്കുളം പൈനാപ്പിള്‍ കയറ്റി അയക്കുന്നുണ്ട്.
1998 ൽ വാഴക്കുളത്തെ കർഷക കൂട്ടായ്മയിൽ രൂപംകൊണ്ട നടുകര അഗ്രോ പ്രോസസ്സിംഗ് കമ്പനിയാണ് വാഴക്കുളം കൈതച്ചക്കയ്ക്ക് ഭൗമസൂചിക പദവി നേടിയെടുക്കുന്നതിനുള്ള പ്രവർത്തന്നങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പൈനാപ്പിൾ ഫാക്ടറിയുടെ മൂല്യവർധിത ഉൽപന്നമായി പുറത്തിറങ്ങിയ ജൈവിനു വലിയ സ്വീകാര്യതയായിരുന്നു വിപണിയിൽ ലഭിച്ചത്. നടുക്കര അഗ്രോ പ്രോസസിംങ് കമ്പനി സർക്കാർ ഏറ്റെടുക്കുകയും സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാഴക്കുളം ആഗ്രോ ആൻഡ് ഫുഡ് പ്രോസസ്സിങ് കമ്പനി ജൈവ് എന്ന പേരിൽ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കുകയും ചെയ്തു.
കാർഷിക ഉത്പന്നങ്ങളുടെ ഭൗമസൂചിക (ജിഐ) ടാഗിംഗ് അന്താരാഷ്ട്ര വിപണിയിൽ ഉപഭോക്താക്കൾക്കിടയിൽ ഉത്പന്നത്തിന്റെ അന്തസ്സും വിശ്വാസ്യതയും വർദ്ധിപ്പിച്ചിരുന്നു. ജി ഐ ടാഗ് കയറ്റുമതി മേഖലയിൽ വാഴക്കുളം കൈതച്ചക്കയ്ക്ക് മികച്ച വില ലഭ്യമാക്കാൻ സഹായിക്കുന്നുമുണ്ട്. പൈനാപ്പിളിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ജൈവ് ബ്രാൻഡിലൂടെ വിപണിയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും കമ്പനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.