കേരളത്തിന്റെ തനതായ നെല്ലിനങ്ങളിൽ ഔഷധഗുണത്തിനും സുഗന്ധത്തിനും പേരുകേട്ട ഇനമാണ് ഗന്ധകശാല അരി. വയനാട്ടിന്റെ മണ്ണിൽ വിളയുന്ന ഗന്ധകശാല നെല്ല് കതിരണിയുമ്പോൾ നല്ല ചന്ദനത്തിന്റെ സുഗന്ധമാണ് പ്രദേശങ്ങളിലാകെ പരക്കുന്നത്. അത് തന്നെയാണ് ഈ നെല്ലിനത്തെ വ്യത്യസ്തമാക്കുന്നതും. വയനാടൻ മലമടക്കുകളിലെ തണുപ്പേറിയ കാലാവസ്ഥയിൽ കതിരിടുകയും വിളയുകയും ചെയ്യുമ്പോഴാണ് ഗന്ധകശാല അരി സുഗന്ധ വാഹികളാകുന്നത്.
കേരളത്തിനകത്തും പുറത്തും കാര്യമായ ഡിമാന്റുള്ള അരിയാണ് ജൈവ ഗന്ധകശാല. ഔഷധഗുണവും സുഗന്ധവും ഉപഭോക്താക്കളെ ആകര്ഷിക്കുന്നു. വയനാട്ടില് ചെട്ടി, കുറുമ, കുറിച്യ വിഭാഗത്തിലെ പരമ്പരാഗത കര്ഷകരാണ് ഈ നെല്ലിനം കൃഷി ചെയ്യുന്നത്. വയനാട്ടില് ചേക്കടി, തിരുനെല്ലി, നൂൽപ്പുഴ, കണിയാമ്പറ്റ, പുൽപ്പള്ളി, പൂത്താടി ഭാഗങ്ങളിലാണ് ഇത് പ്രധാനമായും കൃഷി ചെയ്തുവരുന്നത്.
ആറു മാസത്തോളം മൂപ്പുള്ള ഇനമാണ് ഗന്ധകശാല. തിളങ്ങുന്ന വയ്ക്കോൽ നിറമുള്ള ചെറിയ ഉരുണ്ട നെന്മണികളാണ് ഇതിന്. 160 ദിവസത്തെ വളർച്ച കാലവും, സാധാരണ നെല്ലിനെ അപേക്ഷിച്ച് ഉയരം (4 അടിവരെ) കൂടുതലാണെന്നതും ഗന്ധകശാല നെല്ലിന്റെ പ്രത്യേകതകളാണ്. ഉയരമുണ്ടാകുമെന്നതിനാൽ ഇത്തരം നെല്ലുകൾ ചാഞ്ഞുവീഴാൻ ഇടയുണ്ട്. നെയ്ച്ചോർ, ഉപ്പുമാവ്, പായസം, പുട്ട്, അവൽ എന്നിവ ഉണ്ടാക്കാനാണ് ഈ അരി പ്രധാനമായും ഉപയോഗിക്കുന്നത്. ബിരിയാണി അരിയുടെ ഉപയോഗത്തിനായും ഗന്ധകശാല നെല്ല് കൃഷി ചെയ്യുന്നുണ്ട്.
കേരള കാര്‍ഷിക സര്‍വ്വകലാശാലയും വയനാട് ജില്ലാ നെല്ലുല്പാദക കര്‍ഷക സമിതിയും സംയുക്തമായാണ് ഭൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. വിപണിയില് ഈ അരിയ്ക്ക് 50-60 രൂപയാണ് കിട്ടുക. 150 രൂപയെങ്കിലും കിട്ടിയാൽ മാത്രമേ കൃഷി ലാഭകരമാകു എന്ന് കർഷകർ അഭിപ്രായപ്പെടുന്നു. അത് കൊണ്ട് തന്നെ സ്വന്തം വീട്ടാവിശ്യങ്ങൾക്ക് മാത്രമാണ് കർഷകർ ഇപ്പോൾ പ്രധാനമയും ഈ നെല്ലിനം കൃഷി ചെയ്യുന്നത്. ഭൗമ സൂചിക പദവി നേടിയെടുത്തതോടെ സുഗന്ധ അരികൾക്കുള്ള ഉയർന്ന കമ്പോള മൂല്യവും കച്ചവട സാധ്യതകളും പരമാവധി ഉപയോഗിച്ച് ബസുമതി അരിയെപ്പോലെ ഗന്ധകശാല അരിയുടെയും കീർത്തി ലോകമെങ്ങും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കർഷകർ.