വയനാടൻ മണ്ണിന്റെ ജീരകശാല അരി

വയനാടിന്റെ കർഷിക പാരമ്പര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നെല്ലിനമാണ് ജീരകശാല. വയനാട് മേഖലയിൽ കൃഷി ചെയ്യുന്ന ഒരു പരമ്പരാഗത സുഗന്ധ നെല്ലിനമായും ഇത് അറിയപ്പെടുന്നുണ്ട്. ഔഷധ ഗുണങ്ങൾ ഏറെ അടങ്ങിരിക്കുന്ന ജീരകശാല അരി ഭൗമ സൂപിക പദവി സ്വന്തമാക്കിയതിലൂടെ പരമ്പരാഗത കാർഷിക വിളകളുടെ സംരംക്ഷണത്തിന്റെ പ്രാധാന്യം കൂടി ഓർമ്മപ്പെടുത്തുകയാണ്.
സമുദ്രനിരപ്പിൽനിന്നും 750 മീറ്റർ ഉയരെയുള്ള വയനാട്ടിലെ ഹൈറേഞ്ച് പ്രദേശത്താണ് ജീരകശാല കൃഷിചെയ്യുന്നത്. ഇവ ഉയരം കൂടിയതും വളരെ കുറവ് പ്രകാശം ആവശ്യമുള്ളവയുമാണ്. 150-180 ദിവസമാണ് ഈ ഇനം നെല്ലിന്റെ മൂപ്പ്. ഇവയ്ക്ക് കനം കുറഞ്ഞ തണ്ടുകളാണ്. നീളം കൂടുതലും ചെറുതും തിങ്ങി നിറഞ്ഞ ധാന്യങ്ങളൊടുകൂടിയ കതിരുകളുമാണിവയ്ക്ക്. ജീരകത്തിന്റെ വലിപ്പമുള്ള മെലിഞ്ഞു നീണ്ട നെല്ലാണ് ഇവ. പ്രത്യേക ഗന്ധവും രുചിയുമുള്ള വെളുത്ത അരി പച്ചരിയായി ഉപയോഗിക്കാൻ ആണ് കൂടുതൽ ഉത്തമം. ബസുമതി അരിയെ അപേക്ഷിച്ച് ഇതിന്റെ പാചകദൈർഘ്യം കൂടുതലാണ്. അതുകൊണ്ട് തന്നെ ബിരിയാണി, നെയ്ച്ചോറ് എന്നീ വിഭവങ്ങൾ തയ്യാറാക്കാനായി ഉത്തമമാണ് ഈയിനം നെല്ല്.


വയനാട്ടിലെ ചെട്ടി, കുറുമ, കുറിച്യ വിഭാഗത്തിലെ ആളുകളാണ് ഈ നെല്ലിനം കൂടുതൽ കൃഷി ചെയ്യുന്നത്. നെയ്ച്ചോർ, ഉപ്പുമാവ്, പായസം, പുട്ട്, അവൽ എന്നിട്ടും ഉണ്ടാക്കാനാണ് ഈ അരി പ്രധാനമായും ഉപയോഗിക്കുന്നത്. ബിരിയാണി അരിയുടെ ഉപയോഗത്തിനായാണ് ജീരകശാല നെല്ല് കൂടുതലായും കൃഷി ചെയ്യുന്നത്.


കേരള കാര്ഷീക സര്വകലാശാലയും വയനാട് ജില്ലാ നെല്ലുല്പാദക കര്ഷക സമിതിയും സംയുക്തമായാണ് ഭൗമ സൂചിക പദവി ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്. ഭൗമ സൂചിക പദവി നേടിയെടുത്തതോടെ ഉയർന്ന കമ്പോള മൂല്യവും കച്ചവട സാധ്യതകളും പരമാവധി ഉപയോഗിച്ച് ബസുമതി അരിയെപ്പോലെ ജീരകശാല അരിയുടെയും കീർത്തി ലോകമെങ്ങും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കർഷകർ.